തിരുവനന്തപുരം : അന്യസ്ത്രീക്കൊപ്പം ഹെൽമെറ്റില്ലാതെ ഭാര്യയുടെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ കുടുംബം റോഡ് കാമറ കലക്കി . ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിന്റെ ചിത്രം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഔണർക്ക് മോട്ടോർ വാഹന വകുപ്പ് അയച്ചു കൊടുത്തതാണ് കുടുംബ കലഹത്തിന് വഴിയൊരുക്കിയത്. തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
പൊലീസ് പറഞ്ഞത്: യുവാവും സ്ത്രീയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ആർസി ഓണറുടെ ഫോണിലേക്കു സന്ദേശമായി എത്തുകയും ചെയ്തു. സ്കൂട്ടറിനു പിന്നിലിരുന്ന സ്ത്രീ ആരാണെന്നു ചോദിച്ചു ഭാര്യ വഴക്കുണ്ടാക്കി. വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നൽകിയതാണെന്നും യുവാവ് പറഞ്ഞെങ്കിലും പ്രശ്നം തീർന്നില്ല. തർക്കത്തിനൊടുവിൽ തന്നെയും കുഞ്ഞിനെയും മർദിച്ചെന്നു ഭാര്യ പരാതി നൽകുകയും ഭർത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.