ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു പോളിംഗ്. 2615 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ആകെ 5.3 കോടി വോട്ടർമാർ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. 80 വയസിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി. എന്നാൽ, ബംഗളൂരു നഗരത്തിലുൾപ്പെടെ വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയുയർത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 113 സീറ്റുകളാണ്. 135 വരെ സീറ്റ് ബിജെപി അവകാശപ്പെടുമ്പോൾ 141 സീറ്റാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണത്തെ 37 സീറ്റ് നിലനിർത്തുകയാണ് ജെഡിഎസ് ലക്ഷ്യം. കോൺഗ്രസിനു മുൻതൂക്കമുണ്ടെന്നാണ് അഭിപ്രായ സർവേകളുടെ പ്രവചനം. ആരും വലിയ ഭൂരിപക്ഷം കിട്ടുമെന്നു പറയുന്നില്ല. 140നു മുകളിൽ സീറ്റ് കോൺഗ്രസ് ഉറപ്പിക്കുന്നു. ഭരണം നിലനിർത്തുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. 130-135 സീറ്റാണു ബിജെപി നേതാക്കൾ പറയുന്നത്. 38 വർഷത്തിനിടെ കർണാടകയിൽ ഒരു പാർട്ടിക്കും ഭരണത്തുടർച്ചയുണ്ടായിട്ടില്ല.
സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തിൽപരം സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നുണ്ട്. 5,30,85,566 ആണ് ആകെ വോട്ടർമാർ. 11,71,558 കന്നി വോട്ടർമാരും 12,15,920 വോട്ടർമാർ 80 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്.58,545 പോളിംഗ് സ്റ്റേഷനുകളിലായി 4 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിട്ടുണ്ട്. 5.2 കോടി വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. ഇതിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ആകെ 2,613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. മെയ് 13നാണ് വോട്ടെണ്ണൽ.