കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനിനുനേരെ കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആര്‍പിഎഫും പൊലീസും എത്തി പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ദിവസം മലപ്പുറത്തും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. കാസര്‍കോട്-തിരുവനന്തപുരം സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന് പിന്നിട്ടതിന് പിന്നാലെയായിരുന്നു കല്ലേറ്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്.
ആദ്യത്തെ ആറ് ദിവസത്തെ സര്‍വ്വീസില്‍ വന്ദേഭാരത് നേടിയത് 2.7 കോടിയാണ്. കാസര്‍കോട്-തിരുവനന്തപുരം സര്‍വ്വീസിനാണ് ഏറ്റവും കൂടുതല്‍ വരുമാനം. ഈ സര്‍വ്വീസില്‍ നിന്നുമാത്രം 1.17 കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെയുള്ള കണക്കുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.