മലപ്പുറം: താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ അറസ്റ്റിൽ. താനൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇയാളെ ഉടൻ താനൂർ സ്റ്റേഷനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
നാസറിന്റെ വാഹനം ഇന്ന് എറണാകുളത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവർ കൊച്ചിയിൽ പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. നാസറിന്റെ മൊബൈൽ ഫോണും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. താനൂർ സിഐ ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ട്. അപകടത്തിൽപെട്ട ബോട്ടിന്റെ നിർമാണത്തിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന ആരോപണം ശക്തമാണ്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നാണ് പ്രധാന ആരോപണം. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്.
ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.
.