താനൂർ : ഉല്ലാസ ബോട്ടടപകടത്തിൽ മരണപ്പെട്ട 22 പേരിൽ 8 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങളാണ് വിട്ടുനല്കിയതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്ന് താനൂരിലേക്ക് പുറപ്പെട്ടു.
ഇതിനിടെ ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ തുടരുകയാണ് . എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയും എത്തി. കോസ്റ്റ്ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന. അപകടത്തിൽ മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം.