കൊച്ചി: അങ്കമാലിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവർത്തകനായ അഖിൽ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന അഖിലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി അഖിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
അഖിലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ ‘അഖിയേട്ടൻ’ വിശദമായി പരിശോധിച്ച് ഇയാളുമായി അടുത്ത ബന്ധമുള്ളവരെ ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളവേഴ്സാണ് ഇയാൾക്കുള്ളത്. ഇതിൽ ഏറെയും സ്ത്രീകളാണ്. ആതിരയിൽ നിന്നെന്നപോലെ മറ്റുചില സ്ത്രീകളിൽ നിന്നും അഖിൽ പണവും സ്വർണവും വാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഒരുസ്ത്രീയിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. അഖിലിനെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കൂടുതൽ വ്യക്തത വരും.
കൊലപാതകത്തിന് ശേഷം ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു അഖിലിന്റെ പെരുമാറ്റം. അരുംകൊല നടത്തിയതിന്റെ പിറ്റേന്ന് ചിരിച്ച് പ്രസന്ന വദനനായി എത്തിയ ഇയാൾ മൂന്നുദിവസം കഴിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പുതിയ റീൽ പോസ്റ്റുചെയ്യുകയും ചെയ്തു. കൊലനടത്തിയാൽ പിടിക്കപ്പെടാതിരിക്കാനുളള പദ്ധതികളും അഖിൽ നേരത്തേ തയ്യാറാക്കിയിരുന്നു. ആതിരയെ കാറിൽ ആതിരപ്പിളളിയിലേക്ക് കൊണ്ടുപോകുന്നവഴി അങ്കമാലിയിൽ ഇവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഇയാൾ കയറിയിരുന്നു. താൻ സ്ഥലത്തുതന്നെയുണ്ടെന്ന് വരുത്താനാണ് ഇങ്ങനെ ചെയ്തത്. കടയിൽ കയറിയ സമയത്ത് ആതിരയെ കാറിൽ ആരും കാണാതെ ഒളിച്ചിരുത്താനും ഇയാൾ ശ്രദ്ധിച്ചിരുന്നു. ആതിരയുടെ മൃതദേഹത്തിന് നിന്ന് സ്വർണമാല ഊരിയെടുത്ത് അങ്കമാലിയിലെ തന്നെ ഒരു ജുവലറിയിൽ അഖിൽ പണയം വയ്ക്കുകയും ചെയ്തിരുന്നു.
പലപ്പോഴായി തന്നിൽ നിന്ന് വാങ്ങിയ പത്ത് പവനോളം സ്വർണം ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇതിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. എറണാകുളം കാലടി കാഞ്ഞൂർ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ കഴിഞ്ഞദിവസമാണ് അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്തായ ഇടുക്കി ആനവെട്ടി സ്വദേശി പാപ്പനശേരി വീട്ടിൽ അഖിൽ കൊന്ന് തള്ളുകയായിരുന്നു.
കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ സ്വർണം തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.