ബെംഗളൂരു: ബിജെപി സർക്കാരിനെതിരെ അഴിമതി നിരക്കുകളുടെ കാർഡ് പ്രസിദ്ധീകരിച്ച കോൺഗ്രസിന്റെ ട്രബിൾ എഞ്ചിൻ സർക്കാർ പരസ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇന്ന് രാത്രി ഏഴിന് മുമ്പായി മറുപടി നല്‍കണമെന്ന് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് കമ്മീഷൻ നിർദേശം നൽകി.
കര്‍ണാടക സര്‍ക്കാരിന്റെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോണ്‍ഗ്രസിന്റെ പത്രപരസ്യത്തിനെതിരെയാണ് കമ്മീഷന്റെ നടപടി. ഈ പരസ്യത്തിനെതിരെ ബിജെപി നല്കിയ പരാതിയിന്മേലാണ് കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചത്.ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അഴിമതികൾ നിറഞ്ഞ “ട്രബിൾ എഞ്ചിൻ’ സർക്കാർ കർണാടകയിലെ വിവിധ പദ്ധതികൾക്കായി 40 ശതമാനം കമ്മീഷന് വാങ്ങുന്നതായി ആണ് കോൺഗ്രസ് ആരോപിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ 1,50,000 കോടി രൂപയുടെ അഴിമതി നടത്തിയ സർക്കാരിന്റെ അഴിമതി റേറ്റ് കാർഡും കോൺഗ്രസ് പുറത്തിറക്കിയിരുന്നു.സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം ഇത്തരമൊരു ആരോപണം ഉയര്‍ത്തിയുള്ള പരസ്യം നൽകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ബിജെപി അറിയിച്ചിരുന്നു.
അതിനിടെ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാശിയേറിയ പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. കോണ്‍ഗ്രസിന്റെ ബജ്രംഗ് ദള്‍ നിരോധന പ്രഖ്യാപനമാണ് അവസാന ദിവസങ്ങളിലെ ബിജെപിയുടെ പ്രചാരണ ആയുധം.
ദേശീയ നേതാക്കളെ ഇറക്കിയും റോഡ് ഷോകള്‍ സംഘടിപ്പിച്ചും പ്രചാരണം കൊഴുപ്പിക്കുകയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. അവസാനവട്ട പ്രചാരണത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ കടുപ്പിച്ചാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സര്‍ക്കാറിന് എതിരെ കരാറുകാര്‍ ഉന്നയിച്ച 40% കമ്മീഷന് ആരോപണമാണ് പ്രധാന ആയുധം. ബിജെപി ഭരണത്തില്‍ കര്‍ണാടകയില്‍ വികസനത്തിന് പകരം വിദ്വേഷമാണ് പ്രചരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ബജ്രഗ് ദള്‍ നിരോധന പ്രഖ്യാപനം തുണയാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. സര്‍വ്വേകള്‍ എതിരാണെങ്കിലും മോദിയുടെ പ്രചാരണത്തില്‍ മേല്‍കൈ ലഭിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രതിസന്ധിയിലായ കര്‍ഷകരിലും മുസ്ലിം ന്യൂനപക്ഷത്തിലുമാണ് ജെഡിഎസിന്റെ പ്രതീക്ഷ. കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറിലും ദേശീയ നേതാക്കളാണ് പ്രചാരണം നയിക്കുന്നത്.