തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടത്തും. കേരളത്തിൽ 1.28 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളിലായി 20,87,449 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. രാജ്യത്തിനു പുറത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്.
11.30മുതൽ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാം. പരീക്ഷാകേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ളവ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂ. സുതാര്യമായ വാട്ടർ ബോട്ടിൽ, മാസ്ക്, ഹാൻഡ് സാനിറ്റൈസർ, മരുന്നുകൾ എന്നിവ പരീക്ഷാഹാളിൽ കൊണ്ടുപോവാം. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താവൂ. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് ശേഷം ആരെയും ഹാളിൽ പ്രവേശിപ്പിക്കില്ല. 1.15 മുതൽ പരീക്ഷാഹാളിൽ പ്രവേശിക്കാം. 1.30 മുതൽ 1.45 വരെ പരീക്ഷയ്ക്കുള്ള നിർദേശങ്ങൾ നൽകുകയും അഡ്മിറ്റ് കാർഡ് പരിശോധന നടത്തുകയും ചെയ്യും. 1.45ന് ടെസ്റ്റ് ബുക്ക്ലെറ്റ് വിതരണം ചെയ്യും. രണ്ട് മണിക്ക് പരീക്ഷ തുടങ്ങും. മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ അനുവദിക്കൂ.
ഇൻസ്ട്രുമെൻറ് ബോക്സ്, പെൻസിൽ ബോക്സ്, പേപ്പർ തുണ്ടുകൾ, ഹാൻഡ് ബാഗ് മുതലായവയൊന്നും പരീക്ഷാഹാളിലേക്ക് കൊണ്ടുപോകരുത്. ആഹാരപദാർഥങ്ങൾ, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ, ഇയർഫോൺ, കാൽക്കുലേറ്ററുള്ള ഇലക്ട്രോണിക് തുടങ്ങിയവയും പ്രവേശിപ്പിക്കില്ല. വാട്ടർ ബോട്ടിൽ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാമെന്ന് അഡ്മിറ്റ് കാർഡിന്റെ 5–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷൂസ് ധരിച്ച പരീക്ഷാഹാളിൽ പ്രവേശിക്കാൻ പാടില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ഉപയോഗിക്കാം. സ്ലീവ്സ് ആയിട്ടുള്ള നേർത്ത വസ്ത്രങ്ങളും അനുവദിക്കില്ല. വിശ്വാസകാരണങ്ങളാൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനയ്ക്കായി പരീക്ഷ തുടങ്ങുന്നതിന് രണ്ടുമണിക്കൂർമുമ്പ് എത്തണം.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾക്കായി കെഎസ്ആർടിസി ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെഎസ്ആർടിസി സർവ്വീസുകൾ ക്രമീകരിക്കും. ആലപ്പുഴ/ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട് ഇവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാർഥികളുടെ സൗകര്യാർത്ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സർവീസുകൾ ലഭ്യമാക്കും.കലാപബാധിത സംസ്ഥാനമായ മണിപ്പൂരിൽ നടക്കേണ്ട നീറ്റ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും