ന്യൂഡൽഹി : ഏഴ് വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം.പതിനഞ്ചാം ദിവസവും സമരം തുടരുന്ന താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാത്രി ഏഴിന് മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തുക. എല്ലാ പൗരന്മാരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സമരമുഖത്തുള്ള ഗുസ്‌തി താരങ്ങളായ ബജ്‌റംഗ് പൂനിയ, സാക്ഷി മലിക്, വിനേഷ് ഫോഗട്ട് എന്നിവർ അഭ്യർഥിച്ചു.
താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരും വിദ്യാർഥികളും തൊഴിലാളികളും ഖാപ്പ് പ്രതിനിധികളും ഇന്ന് ജന്തർമന്തറിലേക്ക് മാർച്ചും നടത്തും. തുടർന്ന് ഇവിടെ മഹാ പഞ്ചായത്ത് ചേരും. സമരത്തിന്റെ ഭാവി തീരുമാനിക്കാൻ രണ്ട് സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. 31 പേരടങ്ങുന്ന കമ്മിറ്റിയിൽ താരങ്ങൾക്ക് പുറമേ കർഷകർ, മഹിളാ സംഘടനകൾ, ഖാപ്പ് പ്രതിനിധികളുമുണ്ട്. ഗുസ്‌തി മേഖലയിൽ നിന്നുള്ളവർക്ക് മാത്രമായി ഒമ്പതുപേരുള്ള മറ്റൊരു കമ്മിറ്റിയുമുണ്ട്.
സമരത്തിന്റെ ഭാവി മഹാപഞ്ചായത്തിലാണ് തീരുമാനിക്കുക. ഡൽഹി അതിർത്തിയിൽ പ്രതിഷേധക്കാരെ തടയാൻ പൊലീസ് നീക്കം ശക്തമാക്കി. ഹരിയാനയിലെ ബിജെപി ആഭ്യന്തര മന്ത്രി അനിൽ ബിജ് താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധം അലങ്കോലപ്പെടുത്താൻ പൊലീസ് പ്രകോപനമുണ്ടാക്കുമെന്നും ജാഗ്രത വേണമെന്നും വിനേഷ് ഫോഗട്ട് മുന്നറിയിപ്പുനൽകി.