ഡൽഹി : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000 റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്കോർ നേടിയ ബാംഗ്ലൂരിനെ ഡൽഹി ക്യാപ്പിറ്റൽസ് ഏഴു വിക്കറ്റിനാണ് തോല്പിച്ചത്. 16.4 ഓവറിൽ ഡൽഹി ജയം നേടി.
നീണ്ട കാത്തിരിപ്പിന് ശേഷം ഫോമിലേക്ക് ഉയർന്ന ഡൽഹി ബാറ്റിംഗ് നിരയ്ക്കായി ഫിൽ സോൾട്ട് (45 പന്തിൽ 87) നടത്തിയ കടന്നാക്രമണമാണ് ടീമിന് ഏഴ് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. ആറ് സിക്സറും എട്ട് ഫോറുമായിരുന്നു സാൾട്ടിന്റെ ഇന്നിങ്സിൽ. നായകൻ ഡേവിഡ് വാർണർ (22), മിച്ചൽ മാർഷ്(17 പന്തിൽ 26), റൈലി റൂസോ(22 പന്തിൽ 35*) എന്നിവർക്കൊപ്പം ചേർന്ന് സോൾട്ട് ടീമിനെ വിജയത്തിലെത്തിച്ചു. ആർസിബിക്കായി ഹർഷൽ പട്ടേൽ, കരൺ ശർമ, ജോഷ് ഹേസൽവുഡ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.
ബാംഗ്ലൂരിനായി വിരാട് കോഹ്ലിയും മഹിപാൽ ലോംറോറും അർധ സെഞ്ചുറി നേടി. ഓപ്പണറായി ഇറങ്ങിയ ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ 46 പന്തിൽ അഞ്ച് ഫോറിന്റെ പിന്തുണയോടെ 55 റൺ നേടി. ഐപിഎൽ ക്രിക്കറ്റിൽ ഏഴായിരം റൺ നേടുന്ന ആദ്യ കളിക്കാരനുമായി കോഹ്-ലി. ഫാഫ് ഡു പ്ലെസിസ് 32 പന്തിൽ 45 റണ്ണടിച്ചു. ഗ്ലെൻ മാക്സ്വെൽ ആദ്യ പന്തിൽ മടങ്ങി. മഹിപാൽ 29 പന്തിലാണ് പുറത്താകാതെ 54 റൺ സ്വന്തമാക്കിയത്.