ചെന്നൈ : ഐ പി എൽ ചരിത്രത്തിലെ കൊമ്പന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റ് ജയം. സീസണിൽ മുംബൈക്കെതിരെ ചെന്നൈ നേടുന്ന രണ്ടാം ജയമാണിത്. മോശം ഫോമിൽ തുടരുന്ന മുംബൈ നായകൻ രോഹിത് ശർമ്മ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്തായി. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത് ശർമ മാറി. 16 തവണയാണ് രോഹിത് റൺസൊന്നുമെടുക്കാതെ പുറത്താകുന്നത്.
ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത് . വാങ്കഡേ സ്റ്റേഡയത്തിൽ, സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും ഏഴുവിക്കറ്റിനു ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് (16 പന്തിൽ 30), ഡെവൺ കോൺവേ (42 പന്തിൽ 44) എന്നിവർ ചേർന്നു സ്‌കോർ ചേസിങ്ങിൽ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. അഞ്ചാം ഓവറിൽ പീയൂഷ് ചൗള ഋതുരാജിനെ പുറത്താക്കിയതോടെ പിന്നീട് ക്രീസിലെത്തിയത്, മുംബൈയ്‌ക്കെതിരായ സീസണിലെ ആദ്യമത്സരത്തിന്റെ വിജയശിൽപി അജിൻക്യ രഹാനെ. 17 പന്തിൽ ഒരു സിക്സും ഒരു ഫോറും സഹിതം 21 റൺസെടുത്ത രഹാനെയെ, ഒൻപതാം ഓവറിൽ പീയൂഷ് ചൗള തന്നെയാണ് മടക്കിയത്.
ഇംപാക്ട് പ്ലെയർ അമ്പാട്ടി റായിഡു (11 പന്തിൽ 12) ഒരു സിക്സടിച്ചെങ്കിലും തിരിച്ചുകയറി. അഞ്ചാമനായി ശിവം ദുബെ (18 പന്തിൽ 26*) എത്തിയതോടെ ചെന്നൈ വിജയത്തിലേക്ക് വേഗം കുതിച്ചു. മൂന്നു സിക്സറുകളാണ് ദുബെയുടെ ബാറ്റിൽനിന്നു പിറന്നത്. 17–ാം ഓവറിൽ കോൺവേ പുറത്തായപ്പോൾ ക്രീസിലെത്തിയ ക്യാപ്റ്റൻ എം.എസ് ധോണിയാണ് (3 പന്തിൽ 2) ചെന്നൈയ്ക്കായി വിജയറൺ നേടിയത്. മുംബൈയ്‌ക്കായി പീയൂഷ് ചൗള രണ്ടു വിക്കറ്റും ട്രിസ്റ്റൻ സ്റ്റബ്സ്, ആകാശ് മധ്വാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടി മുംബൈയെ ബാറ്റിങ്ങിന് അയച്ച ചെന്നൈയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു മുംബൈയുടെ തകർച്ച. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ മുംബൈയ്ക്ക് കഴിഞ്ഞുള്ളൂ. 51 പന്തിൽ 64 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈയുടെ ടോപ് സ്കോറർ. നെഹാൽ ഉൾപ്പെടെ മൂന്നു പേർ മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കടന്നത്.ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം ഇഷാൻ കിഷനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത് കാമറൂൺ ഗ്രീനാണ്. ഒാപ്പണർമാരായ ഇഷാനും(9 പന്തിൽ 7), ഗ്രീനും (4 പന്തിൽ 6) നിരാശപ്പെടുത്തി.
14–3 എന്ന നിലയിൽ തകർന്നു നിന്ന മുംബൈയെ നെഹാൽ വധേരയും സൂര്യകുമാർ യാദവും ചേർന്ന് മുംബൈ സ്‌കോർ ഉയർത്താൻ തുടങ്ങി. എന്നാൽ സ്കോർ 69ൽ നിൽക്കെ സൂര്യകുമാർ യാദവി( 22 പന്തിൽ 26) നെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ മുംബൈ വീണ്ടും പരുങ്ങി. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്സു( 21 പന്തിൽ 20) മായി ചേർന്ന് നെഹാൽ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 123ൽ നിൽക്കെ നെഹാൽ പുറത്തായി. തുടർന്ന് 16 റൺസ് സ്കോർ ബോർഡിൽ ചേർക്കുന്നതിനിടെ മുംബൈയുടെ നാലു വിക്കറ്റുകളാണ് വീണത്. ചെന്നൈയ്ക്കായി മതീഷ പതിറാണ മൂന്നു വിക്കറ്റും ദീപക് ചഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.