കൊച്ചി : ഇടുക്കി ചിന്നക്കനാലില്‍ നിന്നും നാടകീയമായി പെരിയാര്‍ വനമേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. അരിക്കൊമ്പന് എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത്. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റര്‍ സാജിദ് യഹിയ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. നീതിയാണ് ഭൂമിയിലെ ഏറ്റവും വലിയ ശക്തി എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്.
അരിക്കൊമ്പനെ മാറ്റിയതുള്പ്പെടെുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് സിനിമയുടെ പ്രഖ്യാപനം. അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതായിരിക്കും ചിത്രം എന്നാണ് അണിയറപ്രവർത്തകരുടെ വാദം. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുകയാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സുഹൈല്‍ എം കോയയുടേതാണ് കഥ.