ലണ്ടൻ: ബ്രിട്ടീഷ് രാജ്യാധികാരം ഏറ്റെടുത്ത് ചാൾസ് മൂന്നാമൻ. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഘോഷപൂർവമായ ചടങ്ങിൽ കാന്റർബറി ആർച്ച്ബിഷപ്പിൽ നിന്ന് ചാൾസ് അധികാരം ഏറ്റുവാങ്ങി. 1953-ന് ശേഷം ബ്രിട്ടണിൽ നടന്ന ആദ്യ കിരീടധാരണ ചടങ്ങിൽ ചാൾസിന്റെ പത്നി കാമിലയും അധികാരമേറ്റു.
39 ഓളം ഇംഗ്ലീഷ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിന് വേദിയായ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ നടന്നത്. ഇന്ത്യൻ സമയം വൈകിട്ട് 3.30ഓടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ചാൾസിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടന്നു. 2.23 കിലോഗ്രാം ഭാരമുള്ള, 360 വർഷം പഴക്കമുള്ള ‘വിശുദ്ധ എഡ്വേർഡ് രാജാവിന്റെ കിരീടം’ ആണ് അണിഞ്ഞത്. തുടർന്ന് ആർച്ച്ബിഷപ്പും രാജാവിന്റെ അനന്തരാവകാശികളും പ്രഭുക്കന്മാരും മുട്ടുകുത്തി ചാൾസിനോട് വിധേയത്വം പ്രഖ്യാപിച്ചു.
ബക്കിംഗ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെയുള്ള രഥഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബക്കിംഗ്ഹാം കൊട്ടാരത്തിൽനിന്ന് ആറു കുതിരകൾ വലിക്കുന്ന വണ്ടിയിൽ ഹൗസ്ഹോൾഡ് കാവൽറി എന്ന അംഗരക്ഷകരുടെ അകന്പടിയിലായിരുന്നു രഥഘോഷയാത്ര.തുടർന്ന് വിശുദ്ധ എഡ്വേർഡ് രാജാവിന്റെ സിംഹാസനം എന്നറിയപ്പെടുന്ന 1300 വർഷം പഴക്കമുള്ള ഇരിപ്പിടത്തിൽ ഇരുന്ന ചാൾസിന്റെ ശിരസിൽ ആർച്ച്ബിഷപ്പ് തൈലാഭിഷേകം നടത്തി. പ്രധാനമന്ത്രി ഋഷി സുനാക് ചടങ്ങിൽ ബൈബിൾ വായിച്ചു.
രാഷ്ട്രത്തലവന്മാരും രാജപ്രതിനിധികളും അടക്കം 2,300 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയിൽനിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പത്നി സുധേഷ് ധൻകറും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് മൂത്തമകനായ ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്. രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേറ്റിരുന്നു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾക്ക് കൂടുതൽ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മേയിൽ നടത്താൻ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6ന് പിതാവ് ജോർജ് ആറാമൻ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂൺ 2നായിരുന്നു.