തിരുവനന്തപുരം : സംസ്ഥാനത്തെ ജലാശയങ്ങളിൽ 56 ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ അടുത്തയാഴ്ച തുടങ്ങും. ലോകബാങ്കിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ ഫിലിപ്പൈൻസ് മാതൃകയിലാണ് പദ്ധതി. കല്ലാർ, മലമ്പുഴ പോലുള്ള ജലാശയങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുക.
ഓരോ നിലയങ്ങളിൽ നിന്നും ദിവസം 4000 യൂണിറ്റ് വീതം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ. പ്രാഥമിക സർവേയ്ക്കൊപ്പം ജലാശയങ്ങളിലെ ഹൈഡ്രോഗ്രാഫിക് പഠനവും നടത്തും. തുടർന്ന് വിശദമായ സർവേ. ഇത് പൂർത്തിയായാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭിപ്രായം തേടും. അടുത്തവർഷത്തോടെ വൈദ്യുതി ഉത്പാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
വൈദ്യുതി വകുപ്പ് തലവന്മാരും അനർട്ട് സി.ഇ.ഒയും ലോകബാങ്ക് അധികൃതരുമായി കഴിഞ്ഞയാഴ്ച അവസാനവട്ട ചർച്ച പൂർത്തിയാക്കിയിരുന്നു. പൂർണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണിത്.
നിർമ്മാണച്ചെലവ്
സൗരനിലയം ഒന്നിന് 60-100 കോടി
വിസ്തൃതി ഒന്നു മുതൽ രണ്ട് ഏക്കർ വരെ
പ്രയോജനം
1. സ്ഥലം ആവശ്യമില്ല
2. വൈദ്യുതിനിരക്ക് കുറയും
3. മുടക്കമില്ലാതെ വൈദ്യുതി