ലണ്ടൻ : ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ കിരീടവും ചെങ്കോലും ഏറ്റുവാങ്ങി സിംഹാസനമേറും. ഏഴുപതിറ്റാണ്ടിനു ശേഷമാണ് ബ്രിട്ടനിൽ രാജ പട്ടാഭിഷേകം നടക്കുന്നത് . ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർഅടക്കം ക്ഷണിക്കപ്പെട്ട രണ്ടായിരം അതിഥികള്‍ സാക്ഷിയാവും.
ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ , ഭാര്യ സുദേഷ് ധൻകറും ഉപരാഷ്ട്രപതിക്ക് ഒപ്പമുണ്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖർ. കനത്ത പ്രതിഷേധത്തിന് ഇടയിലാണ് ചടങ്ങു നടക്കുന്നത്. രാജവാഴ്ചയ്ക്കെതിരെ പ്രതിഷേധിക്കാനെത്തിയ റിപ്പബ്ലിക്കന്മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി . ‘നോട്ട് മൈ കിങ്’ എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചെടുത്തു.
മുൻ കോളനികളിലും ബ്രിട്ടനിൽത്തന്നെയും പ്രതിഷേധം ശക്തമാണ് . ബ്രിട്ടിഷ് രാജമേൽക്കോയ്മ ഔപചാരികമായാണെങ്കിലും ഇന്നും നിലവിലുള്ള ഓസ്ട്രേലിയ, കാനഡ, ജമൈക്ക ഉൾപ്പെടെ 14 രാജ്യങ്ങളിൽ പലയിടത്തും പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ട്. ബ്രിട്ടിഷ് സാമ്രാജ്യത്വം കോളനിരാജ്യങ്ങളോടു ചെയ്ത ക്രൂരതകൾക്കു മാപ്പു പറയണമെന്നാവശ്യപ്പെട്ട് 12 കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചാൾസ് രാജാവിന് കത്തയച്ചിരുന്നു. നികുതിപ്പണം ഉപയോഗിച്ചു നടത്തുന്ന കിരീടധാരണച്ചടങ്ങിൽ ബ്രിട്ടനിലെ 64% പേർക്കും താൽപര്യമില്ലെന്ന് ഈ മാസം നടന്ന ‘യുഗവ്’ സർവേയിൽ കണ്ടെത്തിയിരുന്നു.