ത്രിപുരയിലെ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. 60 നിയമ സഭാ സീറ്റുകള്‍ ഉള്ള ത്രിപുര നിയമസഭയിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശകരമായ കോട്ടി കലാശം ഇത്തവണ ഒഴിവാക്കി.
പ്രചാരണം പൂര്‍ത്തിയാക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ആത്മ വിശ്വാസം ഒരു പോലെ പ്രകടിപ്പിക്കുകയാണ് ബിജെപിയും ഇടത് കോണ്‍ഗ്രസ് പക്ഷവും.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇത്തവണ ത്രിപുര വേദി യാകുന്നത്. 2018ല്‍ ഇടത് കോട്ട തകര്‍ത്ത് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലുള്ള ഭരണ തുടര്‍ച്ചയില്‍ കവിഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല.
ഇടത് കോണ്‍ഗ്രസ് കൂട്ടുകെട്ട് രൂപപ്പെട്ടത് ബിജെപിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് പ്രചാരണഘട്ടത്തില്‍ ഉയര്‍ത്തിയത്.ബിജെപി വിരുദ്ധ വോട്ടുകളെ വലിയൊരു പരിധിവരെ ഒന്നിപ്പിക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവസാന ഘട്ടത്തില്‍ നടത്തിയ റാലികളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ കഴിഞ്ഞു.
കോണ്‍ഗ്രസ് വോട്ടുകളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമമാകും നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളിലും ബിജെപി തുടരുക. അണികള്‍ക്ക് പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ ബിജെപിയെ താഴെ ഇറക്കാന്‍ കഴിയും എന്നാണ് ഇടത് കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഘട്ടത്തിലും ഉറച്ചു വിശ്വസിക്കുന്നത്.