ലൈഫ് ഭവനനിര്‍മാണം; വീടുകളുടെ എണ്ണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

ലൈഫ് പദ്ധതിയിലടക്കം നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കെ.പി.സി.സി പ്രഖ്യാപിച്ച ആയിരത്തില്‍ എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന മന്ത്രി എം ബി രാജേഷിന്‍റെ ചോദ്യം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ജില്ല തിരിച്ചു കണക്ക് എഴുതി നല്‍കാമെന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. ലൈഫ് മിഷന്‍റെ രണ്ടാം ഘട്ടം അമ്പേ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.

ലൈഫ് പദ്ധതി പരാജയപ്പെട്ടു എന്നാരോപിച്ച് പി കെ ബഷീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 61761 പേര്‍ ലൈഫ് വീടുകളില്‍ താമസം ആരംഭിച്ചെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി. 323000 വീടുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചു വന്നു മന്ത്രി അവകാശപ്പെട്ടു. ലൈഫ് എന്നാല്‍ അര്‍ത്ഥം ജീവിതം എന്നാണ്, കേരളത്തില്‍ ലൈഫ് എന്നാല്‍ കാത്തിരിപ്പ് എന്നാണെന്നും പി കെ ബഷീര്‍ വിമര്‍ശിച്ചു.

സ്ഥാപനങ്ങള്‍ക്ക് മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുകയും ലൈഫ് ഉപഭോക്താക്കളെ കണ്ടെത്താനുള്ള അവകാശം അവരില്‍നിന്ന് കവരുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തെറ്റിദ്ധാരണ പരത്തുകയും പുകമറ സൃഷ്ടിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷമെന്ന് എം ബി രാജേഷിന്റെ പ്രതികരണം.

പ്രളയസമയത്ത് ആയിരം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇതുവരെ 46 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും, കണക്ക് പുറത്ത് വിടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും തദ്ദേശമന്ത്രി പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് എം ബി രാജേഷിനെ രൂക്ഷമായി വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് അവതരണമെന്ന് നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *