മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ബിജെപി നേതാവ് ഉമാഭാരതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം മദ്യത്തിന്‍റെ ഉപഭോഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി ‘മധുശാല മേ ഗൗശാല’ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു.
ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള നിവാരി ജില്ലയിലെ ഓർച്ചയിലെ രാംരാജ സർക്കാർ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മദ്യശാല നിയമവിരുദ്ധമാണെന്ന് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങൾ ലംഘനം നടത്തുന്ന മദ്യശാലകൾ പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാ ഭാരതി പറഞ്ഞു.
ഭോപ്പാലിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് പരാമർശം നടത്തിയത്. മദ്യ ഔട്ട്‌ലെറ്റുകൾക്ക് പകരം പശു സംരക്ഷണം “മധുശാല മേ ഗൗശാല” എന്ന പരിപാടി ആരംഭിക്കുമെന്നും പ്രഖ്യാപനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാന്ത്രികത കൊണ്ടാണ് ബി.ജെ.പി തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും അവർ പറഞ്ഞു.
ആരാണ് എന്നെ തടയാൻ ധൈര്യപ്പെടുന്നതെന്ന് നോക്കാം. ഈ പശുക്കൾക്ക് ഭക്ഷണം നൽകുകയും മദ്യഷാപ്പിൽ നിന്നും വെള്ളം നൽകുകയും വേണം. ശ്രീരാമന്‍റെ പേരിൽ സർക്കാരുകൾ രൂപീകരിക്കപ്പെടുന്നു എന്നാൽ ഓർച്ചയിലെ രാംരാജ സർക്കാർ ക്ഷേത്രത്തിന് സമീപം ഒരു മദ്യശാല വരാൻ അനുവദിച്ചു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിയന്ത്രിത മദ്യനയം കൊണ്ടുവരാനുള്ള നിർദ്ദേശം അംഗീകരിച്ചതായി മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി അറിയിച്ചു.