ഏറെ വിവാദമായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ചൈനീസ് ബന്ധമുണ്ടെന്നാണ് ബിജെപിയുടെ രാജ്യസഭാ എംപി മഹേഷ് ജഠ്മലാനി ആരോപിക്കുന്നത്.
ബിബിസി ഡോക്യുമെന്ററിക്ക് ചൈന ധനസഹായം നൽകുന്നുവെന്ന് എംപിയും മുതിർന്ന അഭിഭാഷകനുമായ മഹേഷ് ജഠ്മലാനി ആരോപിച്ചു. ബിബിസിക്ക് പണം ആവശ്യമാണെന്നും ചൈനീസ് കമ്പനിയായ ഹുവാവേയിൽ നിന്നാണ് പണം ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദം തുടരുന്നതിനിടെയാണ് രാജ്യസഭാ എംപിയുടെ അവകാശവാദം.
“എന്തുകൊണ്ടാണ് ബിബിസി ഇന്ത്യ വിരുദ്ധമായിരിക്കുന്നത്? കാരണം അവർക്ക് പണം ആവശ്യമാണ്, ചൈനീസ് സർക്കാരുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹുവാവേയിൽ നിന്നും പണം ലഭിക്കുന്നു. ചൈനയുടെ അജണ്ട കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനാണ് ബിബിസി ധനസഹായം സ്വീകരിക്കുന്നത്. ബിബിസിയെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്”- മഹേഷ് ജഠ്മലാനി ട്വിറ്ററിൽ കുറിച്ചു.
2022 ഓഗസ്റ്റിൽ യുകെ മാസികയായ ദി സ്പെക്ടേറ്ററിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ലിങ്കും അദ്ദേഹം നൽകിയിട്ടുണ്ട്. ബിബിസി ഹുവായിയിൽ നിന്ന് പണം വാങ്ങുന്നുവെന്ന തന്റെ ആരോപണത്തിന് തെളിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ കോൺഗ്രസ് നേതാവ് ജയറാം രമേശിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്.