ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ അടിയന്തരമായി വിശദീകരണം നല്കാന് രാജ്ഭവന് സെക്രട്ടറി കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു.
ചിന്ത പിഎച്ച്ഡി ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധംവിദഗ്ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം, ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പി.പി. അജയകുമാറിന്റെ ഗൈഡ് ഷിപ്പ് സസ്പെന്‍ഡ് ചെയ്യണം, അജയകുമാറിനെ നിലവിലെ എച്ച്.ആര്.ഡി.സി. ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം എന്നീ ആവശ്യങ്ങളാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ഉണ്ടായിരുന്നത്.
ബിരുദം നല്‍കിയതിലുണ്ടായ ക്രമക്കേടുകള്‍ക്ക് ഗവേഷക ഗൈഡ് ആയിരുന്ന മുന്‍ പ്രോ വൈസ് ചാന്‍സലര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണെന്നും അതുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഈ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ചിന്തയുടെ പ്രബന്ധത്തിലെ വിവാദമായ ‘വാഴക്കുല’ ഉള്‍പ്പെടുന്ന പാരഗ്രാഫ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി പുറത്തുവിട്ടിട്ടുണ്ട്. പ്രസ്തുത പാരഗ്രാഫില്‍ മാത്രം ഒരു ഡസന്‍ അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും കമ്മിറ്റി ചൂണ്ടിക്കാട്ടി. ‘കമ്മ്യൂണിസ്റ്റ് ‘എന്നത് പോലും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആശയങ്ങളും പദങ്ങളും മറ്റ് രചനകളുടെ കോപ്പിയാണെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിച്ചു.