പാർലമെന്‍റ് സമ്മേളനം നാളെ മുതൽ; ബജറ്റ് ബുധനാഴ്ച

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്ച ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിക്കും.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ ആദ്യത്തെ നയപ്രഖ്യാപനപ്രസംഗമായിരിക്കും ചൊവ്വാഴ്ച. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതിവിവരങ്ങള്‍ അടങ്ങിയ സാമ്പത്തികസര്‍വേയും ആദ്യദിവസം സഭയില്‍ വെക്കും. ബുധനാഴ്ച രാവിലെ 11-ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ച വ്യാഴാഴ്ച ഇരുസഭകളിലും ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. നന്ദിപ്രമേയം പരിഗണിച്ചശേഷമായിരിക്കും ബജറ്റ് ചര്‍ച്ച. ആദ്യത്തെ രണ്ടുദിവസങ്ങളിലും ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടായിരിക്കില്ലെന്ന് പാര്‍ലമെന്‍റ് ബുള്ളറ്റിനില്‍ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

രണ്ടുഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 66 ദിവസങ്ങളിലായി 27 സിറ്റിങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്. സമ്മേളനത്തിന്‍റെ ആദ്യഘട്ടം അടുത്തമാസം 13 വരെയാണ് ചേരുന്നത്. തുടര്‍ന്ന് 14 മുതല്‍ മാര്‍ച്ച് 13 വരെ ഇടവേളയാണ്. ഇക്കാലയളവില്‍ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. തുടര്‍ന്ന് മാര്‍ച്ച് 13-ന് പുനഃരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും.

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം ചേര്‍ന്നു. പാര്‍ലമെന്‍റ് ഹൗസ് കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്‌സഭാ ഉപനേതാവ് രാജ്‌നാഥ് സിങ്, പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, സഭാ കക്ഷി നേതാവ് പീയുഷ് ഗോയല്‍, സഹമന്ത്രിമാരായ അര്‍ജുന, രാം മെഗ്‌വാള്‍, വി. മുരളീധരന്‍ തുടങ്ങിയ ഭരണകക്ഷി നേതാക്കള്‍ പങ്കെടുത്തു.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ഡി.എം.കെ. നേതാവ് ടി.ആര്‍. ബാലു, ടി.എം.സി. നേതാക്കളായ സുദീപ് ബന്ദോപാധ്യായ, സുകേന്ദു ശേഖര്‍ റേ, ടി.ആര്‍.എസ്. നേതാക്കളായ കെ. കേശവ റാവു, നമ നഗേശ്വര റാവു തുടങ്ങിയവരും പങ്കെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം ശ്രീനഗറില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാതിരുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *