ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര വെള്ളിയാഴ്ച ജയിൽ മോചിതനായി. 279 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. രണ്ട് ദിവസം മുമ്പ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം നേടിയെങ്കിലും വെള്ളിയാഴ്ചയാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനെ മോചിപ്പിക്കാനുള്ള ഉത്തരവ് ജയിൽ സൂപ്രണ്ടിനെത്തിയത്.
എട്ട് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ആശിഷ് മിശ്ര പുറത്തിറങ്ങുന്നത്. വിടുതൽ ഉത്തരവ് ലഭിച്ചതിന് ശേഷം ജയിലിന്റെ പിൻവാതിലിലൂടെയാണ് മിശ്രയെ പുറത്തെത്തിച്ചത്. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും മിശ്രയ്ക്ക് തങ്ങാനാകില്ലെന്നും ഒരാഴ്ചയ്ക്കകം യുപി വിടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജാമ്യ കാലയളവിൽ മിശ്ര തന്റെ പാസ്പോർട്ട് സറണ്ടർ ചെയ്യണം. പുതിയ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ ഹാജർ രേഖപ്പെടുത്തുകയും വേണം. സാക്ഷികളെ സ്വാധീനിക്കുകയോ, വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. 2021 ഒക്ടോബർ 3 ന് കർഷക പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞുകയറി എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.