കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അരവണ വിതരണം നിർത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ഏലക്ക ഇല്ലാതെയും അരവണ നിർമിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. അതേസമയം, പ്രസിഡന്റ് പറഞ്ഞെങ്കിലും സന്നിധാനത്ത് അരവണ വിതരണം നിർത്തിവച്ചിട്ടില്ല.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്ന് അരവണ വിതരണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കില്‍ ഏലയ്ക്ക ഇല്ലാതെയോ അരവണ നിർമിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി.