തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ ബന്ധിപ്പിക്കപ്പെടുന്നത്. ഹാഷ്ടാഗിന് ഡിഎംകെ പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര് കടുത്തത്. ഇന്നലെ നാടകീയ രംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയില്‍ അരങ്ങേറിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തിരുന്നു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങളടങ്ങിയ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് ആര്‍എന്‍ രവി ഇറങ്ങിപ്പോയത്.
ഗവര്‍ണറുടെ യഥാര്‍ത്ഥ പ്രസംഗം മാത്രം രേഖപ്പെടുത്തണമെന്നായിരുന്നു എം കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞത്. തുടര്‍ന്ന് ദേശീയഗാനത്തിനുപോലും കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ സഭ വിട്ടിറങ്ങുകയായിരുന്നു.
തമിഴ്‌നാടിനെ സമാധാനത്തിന്‍റെ തുറമുഖമെന്ന് വിശേഷിപ്പിച്ച് മതനിരപേക്ഷതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമര്‍ശിച്ചും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തിന്‍റെ ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. ഭരണകക്ഷിയായ ഡിഎംകെ ഉയര്‍ത്തിപ്പിടിക്കുന്ന ‘ദ്രാവിഡ മാതൃക’യെക്കുറിച്ചുള്ള പരാമര്‍ശവും ഗവര്‍ണര്‍ വായിച്ചില്ല. ഗവര്‍ണറുടെ നടപടി നിയമസഭാ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് എംകെ സ്റ്റാലിന്‍ പ്രമേയത്തില്‍ പറഞ്ഞു.