വരുന്ന ആഴ്ചകളില്‍ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക്ഭീമനായ ആമസോണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഏത് രാജ്യത്ത് നിന്നുള്ളവരെയാകും കൂടുതലായി പിരിച്ചുവിടുകയെന്ന് ആമസോണ്‍ വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ ബാധിച്ചേക്കും. ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.
ഇന്ത്യന്‍ വിപണിയിലെ മാര്‍ക്കറ്റ് പ്ലേസ്, ഡിവൈസസ് ടീമുകളിലുടനീളമുള്ള ജീവനക്കാരെയാകും പിരിച്ചുവിടുക. ഇന്ത്യയിലുള്ള ആമസോണിന്‍റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനത്തോളം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് വന്‍തോതില്‍ നിയമനങ്ങള്‍ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോണ്‍.
പിരിച്ചുവിടല്‍ ആളുകള്‍ക്ക് പ്രയാസമാണെന്ന് കമ്പനി നേതൃത്വം മനസിലാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ തീരുമാനത്തെ കുറച്ചുകാണുന്നില്ലെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു. പിരിച്ചുവിടുന്നവര്‍ക്ക് പണവും, ആരോഗ്യ ഇന്‍ഷുറന്‍സ്, പുറത്ത് ജോലി കണ്ടുപിടിക്കാനുള്ള സഹായം എന്നിവ ഉള്‍പ്പടെ കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എല്ലാവര്‍ക്കും ജനുവരി 18 മുതല്‍ അറിയിപ്പ് നല്‍കിത്തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ആഗോള തലത്തില്‍ താല്‍കാലിക ജീവനക്കാരെ കൂടാതെ കമ്പനിക്ക് 15.4 ലക്ഷം ജീവനക്കാരുണ്ട്.