2024 അവസാനത്തോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗോവയിലെ സുവാരി നദിയിലെ പാലത്തിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരും ഉദ്ഘാടനത്തിന് എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2024 വര്‍ഷാവസാനത്തിന് മുമ്പ് ഇന്ത്യയിലെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അമേരിക്കയേക്കാള്‍ മികച്ചതാക്കാനാണ് തീരുമാനം. രാജ്യത്ത് ഇപ്പോള്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വേഗത്തില്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് ഗഡ്ഗരി പറഞ്ഞു.
2022 മാര്‍ച്ചില്‍ ലോക്‌സഭയുടെ ശീതകാല സമ്മേളനത്തില്‍ വെച്ച് 2024 ഓടെ ഇന്ത്യയുടെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അമേരിക്കയുടേത് പോലെയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയെ സമ്പന്നമാക്കാന്‍ 2024 ഡിസംബറിനുമുമ്പ് ഇന്ത്യയുടെ റോഡിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയുടേത് പോലെയാകുമെന്ന് ഞാന്‍ ഉറപ്പാക്കും- ഗഡ്കരി പറഞ്ഞു.
ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുള്ള തന്‍റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച മന്ത്രി വാഹനങ്ങളുടെ ഹോണുകളുടെ നിലവിലുള്ള ശബ്ദത്തിന് പകരം ശാന്തമായ സംഗീതം നല്‍കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണെന്നും പറഞ്ഞു.