മരണകാരണം കഴുത്ത് ഞെരിഞ്ഞത്; യുവസംവിധായിക കൊല്ലപ്പെട്ടതെന്ന് സംശയം

യുവസംവിധായികയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കഴുത്ത് ഞെരിഞ്ഞതാണ് നയനാ സൂര്യ (28)യുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ഉൾപ്പെടെ മുറിവുകൾ കണ്ടെത്തിയതും ദുരൂഹത ഉയർത്തുന്നു.

അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ സഹായിയായിരുന്ന നയനയെ മൂന്നു വർഷം മുൻപാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോൺവിളിച്ച് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രമേഹരോഗിയായ നയന ഷുഗർ താഴ്ന്ന് കുളിമുറിയിൽ കുഴഞ്ഞുവീഴുകയും പരസഹായം കിട്ടാതെ മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. മൂന്നുവർഷം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിൽ വ്യക്തത വരാത്തതുകൊണ്ട് സുഹൃത്തുക്കൾ നയനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടെത്തുകയും അതിന്‍റെ വിശദാംശങ്ങൾ പുറത്തുവിടുകയുമായിരുന്നു. എങ്ങനെ നയനയുടെ കഴുത്തുഞെരിഞ്ഞു, ശരീരത്തെ മുറിവുകൾ എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങൾ പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. അടിവയറ്റിൽ മർദനമേൽക്കുകയും ഇതിന്റെ ഭാഗമായി രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

വൃക്ക, പാൻക്രിയാസ് എന്നീ അവയവങ്ങളിൽ രക്തസ്രാവം ഉണ്ടായത് ക്ഷതമേറ്റതുകൊണ്ടാണ്. പ്ലീഹ ചുരുങ്ങിപൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇതൊക്കെയാണ് നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. അതേസമയം, ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശന്റെയും ഷീലയുടെയും മകളാണ് നയനാസൂര്യ. പത്ത് വർഷത്തോളമാണ് ലെനിന്റെ സഹസംവിധായികയായി നയന പ്രവർത്തിച്ചത്. ക്രോസ് റോഡ് എന്ന ആന്തോളജി സിനിമയിൽ പക്ഷികളുടെ മണം എന്ന സിനിമ സംവിധാനം ചെയ്തത് നയനയാണ്. ഒട്ടേറ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *