നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകി റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവ് പുറത്തിറക്കി. വിമാനത്താവളം നിർമിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. ആകെ 1039.876 ഹെക്ടർ (2570) ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ബ്ലോക്കുകളിലെ സ്ഥലമാണ് പുതുതായി ഏറ്റെടുക്കുന്നത്. ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്താൻ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്. ഭൂമി ഏറ്റെടുക്കുന്നതിനു മുൻപായി സാമൂഹിക ആഘാതപഠനം നടത്തും. വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതിയോടെ മാത്രമേ നടപടികൾ പൂർത്തിയാക്കൂ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമിയാണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിനു പുറമേ ഉള്ള 370 ഏക്കറും ഏറ്റെടുക്കുന്നതിൽ ഉൾപ്പെടുന്നു.
രണ്ടു വ്യവസ്ഥകൾ പാലിച്ചാകും അനുമതിയെന്നും ഉത്തരവിൽ വ്യക്തമാക്കി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തി അതിന്‍റെ റിപ്പോർട്ട് ഒരു വിദഗ്ധ സമിതി പരിശോധിക്കും എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കൂ എന്നതാണ് മറ്റൊരു വ്യവസ്ഥ.
പുനലൂർ–മുവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മുക്കടയാണ് എസ്റ്റേറ്റിന്‍റെ കവാടം. എരുമേലി–പ്ലാച്ചേരി റോഡിലാണ് മുക്കട. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക്, മണിമല വില്ലേജുകളിലാണ് 2263 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ്. കിഴക്ക് എരുമേലിയും പരിസരവും. തെക്കു പടിഞ്ഞാറു ഭാഗത്ത് പൊന്തൻപുഴ വനമേഖലയാണ്. വടക്കു കിഴക്കുഭാഗത്ത് എസ്റ്റേറ്റിന് അരികിലൂടെ മണിമലയാർ ഒഴുകുന്നു. ഒരു വശത്ത് മലയെങ്കിൽ മറുവശത്ത് സംസ്ഥാന പാതയാണ് അതിര്. മറ്റൊരിടത്ത് പുഴയും എതിർ വശത്ത് വനവും അതിർത്തി നിശ്ചയിക്കുന്നു. മുക്കടയിൽ റബർ ബോർഡിന്‍റെ തോട്ടവും അരികിലുണ്ട്. പണ്ട് ചെറുവള്ളി എസ്റ്റേറ്റ് തേയിലത്തോട്ടമായിരുന്നു. പിന്നീട് റബർ എസ്റ്റേറ്റായി.