സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ജനുവരി നാലിന്

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു. 

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.

അതേസമയം, പൊലീസ് റിപ്പോ‍ർട്ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു ഹർജിക്കാരൻ ആരോപിച്ചു.

കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു വിവാദ പ്രസംഗം. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *