ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം ചുമത്തി കോടതി. ഇംഗ്ലണ്ടിലെ എസക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് കോടതി പിഴ ചുമത്തിയത്.
ഷാർലറ്റ് ലീച്ച് എന്ന 34 കാരി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു. താൻ ഗർഭിണിയാണെന്ന് അറിഞ്ഞയുടൻ ഷാർലറ്റ് ഇക്കാര്യം മേധാവിയെ അറിയിക്കുകയായിരുന്നു. ഇതിന് മുൻപ് തന്റെ ഗർഭം അലസിയിട്ടുണ്ടെന്നും, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ കുറിച്ച് വ്യാകുലതകളുണ്ടെന്നുമുള്ള ആശങ്കകൾ ഷാർലറ്റ് മേധാവിയുമായി പങ്കുവച്ചു. ആശ്വാസത്തിന് പകരം ഷാർലെറ്റിന് ലഭിച്ചത് പിരിച്ചുവിടൽ നോട്ടിസ് ആണ്.
പുതിയ എംപ്ലോയീ കോൺട്രാക്ടിൽ ഒപ്പുവയ്ക്കാനിരിക്കെയാണ് ഷാർലറ്റ് ഗർഭിണിയാകുന്നത്. അതുകൊണ്ട് തന്നെ ഷാർലെറ്റിന് മെറ്റേണിറ്റി ലീവ് നൽകാൻ സാധിക്കില്ലെന്നാണ് മേധാവി അറിയിച്ചത്. ജോലി നഷ്ടപ്പെട്ട് അൽപ ദിവസത്തിനകം തന്നെ ഷാർലറ്റിന് കുഞ്ഞിനെയും നഷ്ടമായതായി ദ മിറർ അറിയിച്ചു. പിന്നാലെ കോടതിയെ സമീപിച്ച ഷാർലറ്റിന് അനുകൂലമായി വിധി വന്നു. 14,885 പൗണ്ട് അഥവാ 14,86,856 ലക്ഷം രൂപ കോടതി നഷ്ടപരിഹാരത്തിനായി ഉത്തരവിട്ടു.