തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനും ഉൾപ്പെട്ട പാർട്ടി കമ്മിഷന്റേതാണ് കണ്ടെത്തൽ. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും.
തൃക്കാക്കരയിൽ പാർട്ടിക്ക് പാടേ പിഴച്ചെന്നു സംസ്ഥാന കമ്മിറ്റിയിൽ നേരത്തേ വിമർശനം ഉയർന്നിരുന്നു. തോൽവി, വോട്ടു ചോർച്ച, സ്ഥാനാർഥി നിർണയം, ഐക്യത്തോടെ ജില്ലയിലെ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. സംഘടനാപരമായ പുഴുക്കുത്തുകൾ ഇല്ലാതായതോടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം.
രണ്ടാം പിണറായി വിജയൻ സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്. പി.ടി.തോമസ് എംഎൽഎയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ പി.ടിയുടെ ഭാര്യ ഉമ തോമസ് യുഡിഎഫിനായി മണ്ഡലം നിലനിർത്തി. ഡോ. ജോ ജോസഫിനെ സ്വതന്ത്ര സ്ഥാനാർഥിയായി എൽഡിഎഫ് രംഗത്തിറക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.