‘കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ ജോ‍ഡോ യാത്ര നിർത്തുക’: രാഹുലിന് കേന്ദ്രത്തിന്‍റെ കത്ത്

ഭാരത് ജോ‍ഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, പൊതുജനാരോഗ്യ അടിയന്തര അവസ്ഥ കണക്കിലെടുത്ത് യാത്ര അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ കത്തിൽ പറയുന്നു. ജോഡോ യാത്ര നിലവിൽ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്.

യാത്രയിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് എടുത്തവർ മാത്രം പങ്കെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം കത്തിൽ പറയുന്നു. ചൈനയിൽ കോവിഡിന്‍റെ പുതിയ തരംഗത്തെ തുടർന്നുള്ള ആശങ്കകൾക്കിടെയാണ് കത്ത്. ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, യുഎസ് എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ വർധനയുണ്ട്.

പ്രതിദിന കേസുകളിലെ പരമാവധി സാംപിളുകൾ ജനിതകശ്രേണീകരണത്തിന് നൽകാൻ നിർദേശിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം കത്തയച്ചിരുന്നു. പുതിയ വൈറസ് വകഭേദം ഉണ്ടെങ്കിൽ കണ്ടെത്താനാണിത്. ലോകത്താകെ 35 ലക്ഷം കേസുകൾ പ്രതിവാരം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നതാണ് ആശങ്ക വളർത്തുന്നത്. ഇന്ത്യയിൽ പ്രതിവാരം 1200 കേസുകളാണുള്ളതെന്നു കേന്ദ്രം വ്യക്തമാക്കുന്നു. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഇടവേളയ്ക്കു ശേഷം രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞ അവസ്ഥയാണ്. കോവിഡ് മരണവും ഏറുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *