ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്കുയർത്തുമെന്ന് നിതിൻ ഗഡ്കരി

2024ൽ ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഡൽഹിയിൽ 95–ാം ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞങ്ങൾ ഇന്ത്യയിൽ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുകയാണ്. 2024 അവസാനിക്കുന്നതിനു മുൻപ് യുഎസ് നിലവാരത്തിലുള്ള റോഡുകൾ രാജ്യത്തുണ്ടാകുമെന്നു നിങ്ങൾക്ക് ഉറപ്പു തരുന്നു. നമ്മുടെ രാജ്യത്തെ ചരക്കുഗതാഗത ചെലവ് വലിയ പ്രശ്നമാണ്. 16 ശതമാനമായ ചരക്കുഗതാഗത ചെലവ് 2024ൽ 9 ശതമാനമായി കുറയ്ക്കാനാണു ശ്രമം’’– ഗഡ്കരി പറഞ്ഞു.

നിർമാണ മേഖല പരിസ്ഥിതി മലിനീകരണത്തിനു വഴിവയ്ക്കുന്നു. ഇതിനൊപ്പം ആഗോളതലത്തിലെ സാധനസാമഗ്രികളുടെ 40 ശതമാനം ഈ മേഖല അപഹരിക്കുന്നുമുണ്ട്. ഗുണം മെച്ചപ്പെടുത്തി നിർമാണത്തിന്‍റെ മൂലധനച്ചെലവ് കുറയ്ക്കാനാണു ശ്രമിക്കുന്നത്. സിമന്‍റും സ്റ്റീലുമാണു നിർമാണ മേഖലയിലെ മുഖ്യ സാമഗ്രികൾ. ബദൽ സംവിധാനങ്ങൾ കണ്ടെത്തി സ്റ്റീലിന്‍റെ ഉപയോഗം കുറയ്ക്കാൻ ആലോചിക്കുന്നു. ഹരിത ഹൈഡ്രജൻ ആണ് ഭാവിയിലെ ഇന്ധനം. 2030ഓടെ ഇലക്ട്രിക് ഗതാഗതം ഫലപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു.

കേരളത്തിൽ 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ 2025 അവസാനത്തോടെ നടപ്പാക്കുമെന്നു നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തു 45,536 കോടി രൂപയുടെ 15 ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കവേ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *