ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും അടുത്ത സാമ്പത്തികവര്‍ഷം ദുഷ്കരമായിരിക്കുമെന്ന് ആര്.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
പലിശ നിരക്കുകള്‍ ഉയരുകയും കയറ്റുമതി കുറയുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത കൊല്ലം അഞ്ചു ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ബുദ്ധിമുട്ടുമെന്ന് രഘുറാം രാജന് പറഞ്ഞു. അടുത്തകൊല്ലം അഞ്ചുശതമാനം വളര്‍ച്ച കൈവരിച്ചാല്‍ അത് നമ്മുടെ ഭാഗ്യം, അദ്ദേഹം വ്യക്തമാക്കി.
വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളെ കുറിച്ചും രഘുറാം രാജന് സംസാരിച്ചു. കോവിഡ് 19 മഹാമാരി, വളര്‍ച്ചാനിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളിലൊന്നാണ്. എന്നാല്‍ മഹാമാരിക്ക് മുന്‍പേ തന്നെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മന്ദഗതിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും രഘുറാം രാജന് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തു വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വത്തെ കുറിച്ചും രഘുറാം രാജന് സംസാരിച്ചു. മഹാമാരിക്കാലത്ത് സാമ്പത്തിക അസമത്വത്തിലുണ്ടായിരുന്ന വിടവ് വര്‍ധിച്ചു. പണക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് റേഷനും മറ്റും ലഭിച്ചു. എന്നാല്‍ ലോവര്‍ മിഡില്‍ ക്ലാസിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. തൊഴിലുകളുണ്ടായിരുന്നില്ല, തൊഴിലില്ലായ്മ വര്‍ധിച്ചു. കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമുണ്ടായിരുന്നതിനാല് അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിന്റെ വരുമാനം വര്‍ധിച്ചു. എന്നാല്‍ ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വരുമാന നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് വന്‍തിരിച്ചടി നേരിട്ട ലോവര്‍ മിഡില്‍ ക്ലാസിനെ മനസ്സില്‍വെച്ചു വേണം നയരൂപവത്കരണം നടത്താനെന്ന നിര്‍ദേശവും രഘുറാം രാജന് മുന്നോട്ടുവെച്ചു.