ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്

ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്‌നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീകമലത്തിലാണ് യോഗം ചേരുക. നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചര്‍ച്ചകളും ഇന്ന് ഗാന്ധിനഗറില്‍ നടക്കും.

രാവിലെ 10.30ന് ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീ കമലത്തിലാണ് യോഗം. കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിംഗ്, ബി.എസ്. യെദ്യൂരപ്പ, അര്‍ജ്ജുന്‍ മുണ്ട തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ എംഎല്‍എമാര്‍ ചേര്‍ന്ന് നിയമസഭ കക്ഷി നേതാവായി ഭൂപേന്ദ്രഭായ് പട്ടേലിനെ തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചര്‍ച്ചകളിലേക്കും പാര്‍ട്ടി നേതൃത്വം ഇന്ന് തന്നെ കടക്കും.

നിലവിലെ ആഭ്യന്തര മന്ത്രിയും മോദി – ഷാ ദ്വയങ്ങളുടെ പ്രിയങ്കരനുമായ ഹര്‍ഷ് സാംഗ്വി ഉപമുഖ്യമന്ത്രിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. സംസ്ഥാനത്ത് തലമുറ മാറ്റം ലക്ഷ്യമിട്ട് ഭാവിയില്‍ ബിജെപി നീങ്ങുമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ മുന്‍പന്തിയിലാണ് മജൂരയില്‍ നിന്നുള്ള ഈ നിയമസഭാംഗം. പാര്‍ട്ടി നിയമസഭാസാമാജികരിലെ യുവപ്രാധിനിത്യം കണക്കിലെടുത്ത് മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെയും പരിഗണിക്കുന്നുണ്ട്.

അതേസമയം മുന്‍മന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാം ജയിച്ചു കയറിയ പശ്ചാത്തലത്തില്‍ സ്ഥാനമുറപ്പിക്കാനുള്ള ചരടുവലികള്‍ സജീവമാണ്. മോദി പ്രഭാവത്താലുള്ള വിജയമെന്നതിനാല്‍ അവകാശവാദങ്ങള്‍ക്ക് ആരും മുതിര്‍ന്നേക്കില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *