സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിയേക്കും

ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്നതിന്‍റെ പേരില്‍ രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയിരിക്കുന്ന അപേക്ഷയില്‍ കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.

സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷ നിലവില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പ്രസംഗത്തില്‍ മനഃപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജിചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇനി തിരുവല്ല കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്കവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോള്‍ വിമര്‍ശനാത്മകമായി ഭരണഘടനയെ പരാമര്‍ശിക്കുകയായിരുന്നെന്ന് അപേക്ഷയില്‍ പോലീസ് പറയുന്നു. 50 മിനിട്ട് 12 സെക്കന്‍ഡാണ് സജി ചെറിയാന്‍ പ്രസംഗിച്ചത്. ഇതില്‍ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമര്‍ശം ഉണ്ടായത്. ഇത്തരത്തില്‍ കേസ്സെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ജൂലായ് മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. സംഭവത്തില്‍ പോലീസ് നേരിട്ട് കേസ് എടുത്തില്ല. ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്യണമെന്ന് മജിസ്ട്രേറ്റുകോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്.

420 പേജുള്ള കേസ് ഡയറി അടക്കമാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡി.വൈ.എസ്.പി. കോടതിയില്‍ നല്‍കിയിരിക്കുന്നത്. ആകെ 44 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി ഇതില്‍ പറയുന്നു. 39 പേര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുത്തവരാണ്. കോടതിയില്‍ ഹര്‍ജി നല്‍കിയ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയല്‍, മുന്‍ എം.എല്‍.എ. ജോസഫ് എം.പുതുശ്ശേരി തുടങ്ങിയവരാണ് ബാക്കി അഞ്ചുപേര്‍. ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസംഗത്തിന്‍റെ ദൃശ്യം കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയായിരുന്നു.

സജി ചെറിയാന്‍ രാജിവെച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പകരക്കാരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ കോടതി തീരുമാനത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്നായിരുന്നു അന്ന് പാര്‍ട്ടിയെടുത്ത തീരുമാനം. അതുകൊണ്ടു തന്നെ കോടതിയില്‍ നിന്ന് അനുകൂല വിധി വന്നുകഴിഞ്ഞാല്‍ സജി ചെറിയാനെ കാലതാമസമില്ലാതെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *