ബോൾഗാട്ടി പാലസിന് സമീപം കെട്ടിട നിർമാണം: എം.ജി.ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

ചലചിത്ര പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിനു മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം നിർമിച്ച കേസിലാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി.സെയ്തലവിയുടെ ഉത്തരവ്. ജൂലൈയിൽ വാദം പൂർത്തിയാക്കി ഓഗസ്റ്റിൽ വിധി പറയാൻ മാറ്റിവച്ച കേസിലാണ് കോടതി ഇന്നു വിധി പറഞ്ഞത്.

നേരത്തെ ത്വരിത അന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവിട്ട ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽഎസ്‍ജി ട്രൈബ്യൂണൽ പരിഗണിച്ചാൽ മതിയെന്നു വിജിലൻസ് പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ഹർജിക്കാരൻ കോടതിയെ ആക്ഷേപ ഹർജിയുമായി സമീപിക്കുകയായിരുന്നു. കോടതിക്ക് നിയമോപദേശം നൽകുന്നതു ചട്ട വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരനായ ജി. ഗിരീഷ് ബാബുവിന്‍റെ വാദം. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

ബോൾഗാട്ടി പാലസിൽ 100 മീറ്റർ മാത്രം കായലിൽനിന്ന് വിട്ട് വീട് പണിതെന്നു കാണിച്ച് 2017 ഡിസംബറിലാണ് ഗിരീഷ് കുമാർ പരാതി നൽകിയത്. പഴയ വീടു വാങ്ങി പൊളിച്ചശേഷം പുതിയ വീട് അതേ സ്ഥാനത്തു പണിയുകയായിരുന്നു. മുളവുകാട് പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത സെക്രട്ടറിമാരെയും അസിസ്റ്റന്‍റ് സെക്രട്ടറിമാരെയും പ്രതിയാക്കിയായിരുന്നു പരാതി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *