‘ഹിഗ്വിറ്റ’ മാറ്റുമെന്ന് എൻ.എസ്. മാധവൻ; ഇല്ലെന്ന് സംവിധായകൻ

‘ഹിഗ്വിറ്റ’ സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഹിഗ്വിറ്റ എന്ന പേര് സിനിമയില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുലഭിച്ചതായി ട്വിറ്ററിൽ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ ഇറക്കാനുള്ള തന്‍റെ അവകാശം ഹനിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ഫിലിം ചേംബർ ഇടപെട്ടെന്നും പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം കുറിച്ചു. 

എന്നാൽ ‘ഹിഗ്വിറ്റ’ എന്ന സിനിമയുടെ പേരു മാറ്റുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് സംവിധായകൻ ഹേമന്ത് ജി. നായർ. ഫിലിം ചേംബർ അത്തരമൊരു തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ഹിഗ്വിറ്റ എന്‍റെ ആദ്യ സിനിമയാണ്. ഇത്തരത്തിലൊരു വിവാദം ഒരിക്കലും പ്രതീക്ഷിച്ചില്ല, ആകെ പകച്ചു നിൽക്കുകയാണ്’’– ഹേമന്ത് ജി.നായർ പറഞ്ഞു. വർഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയാണ്. 2019 നവംബറിലാണ് എട്ടു പ്രമുഖ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ടൈറ്റിൽ ലോഞ്ച് ചെയ്തത്. കോവിഡ് ആയതോടെ ആകെ പ്രതിസന്ധിയായി. ഇപ്പോഴാണ് ഹിഗ്വിറ്റ റിലീസിനൊരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോൾ എങ്ങനെയുണ്ടായി എന്ന് അറിയില്ലെന്നും സംവിധായകൻ പറയുന്നു. താൻ ബഹുമാനിക്കുന്ന എഴുത്തുകാരന് ഇത്തരത്തിൽ വിഷമമുണ്ടായതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാവിന്‍റെ കഥയാണ് ‘ഹിഗ്വിറ്റ’ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം. കളിക്കളത്തിലെ ഗോളിയെ പോലെയാണ് ഈ നേതാവിന്‍റെ അവസ്ഥ. അങ്ങനെയാണ് ഈ പേരിലേക്കെത്തിയതെന്നു ഹേമന്ത് പറയുന്നു. ഡിസംബർ 22ന് ആണ് ‘ഹിഗ്വിറ്റ’ തിയറ്ററുകളിലെത്തുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *