വിഴിഞ്ഞം ആക്രമണം, പിന്നിൽ തീവ്രവാദ ബന്ധമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്

വിഴിഞ്ഞം ആക്രമണത്തിന് തീവ്രവാദ ബന്ധമുള്ളതായി ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും ചേര്‍ന്ന് രഹസ്യയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന് പ്രചരിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായി.

വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളില്‍ തീവ്രവാദബന്ധമുള്ളവരുടെ ഇടപെടലുണ്ടായെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. അക്രമത്തിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ഇന്നലെ വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലാണ് യോഗം നടന്നത്. രാത്രി വരേ നീണ്ട യോഗമായിരുന്നു അത്. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്‍പെട്ടവരും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരും യോഗത്തില്‍ പങ്കെടുത്തു.

പോലീസ് സ്‌റ്റേഷനില്‍ അക്രമണം നടത്തിയത് സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയവരാണ് എന്ന് പ്രചരിപ്പിക്കണം. അറസ്റ്റിന് വഴങ്ങരുത്, അറസ്റ്റിനെ പ്രതിരോധിക്കണം, ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരണം എന്നുള്ള നിര്‍ദേശങ്ങളാണ് യോഗത്തിലുണ്ടായത്. ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. അതേസമയം, അക്രമ സംഭവങ്ങളില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് നിലവില്‍ പറയാന്‍ കഴിയില്ല എന്നാണ് വിഴിഞ്ഞത്ത് പ്രത്യേക ഓഫീസറായി നിയമിതയായ തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയുടെ പ്രതികരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *