വിഴിഞ്ഞം സമരം: സര്‍ക്കാരിന്‍റേത് നിഷേധാത്മക നിലപാടെന്ന് കെസിബിസി

വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെസിബിസി. ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരം. തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും വേണമെന്ന ആവശ്യങ്ങളിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കെസിബിസി കുറ്റപ്പെടുത്തി.

ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ദുരുദ്ദേശപരമാണ്. കേസും ഭീഷണിയും കൊണ്ട് സമരം അവസാനിപ്പിക്കില്ല. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

സമരത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്‌നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്യേശപരവുമാണ്.

ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നം പരിഹരിക്കാന്‍ തക്കവിധം പ്രതികരിക്കണം. ഇന്നലെ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *