ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; സതീശന് മറുപടിയുമായി ശശി തരൂർ

മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്ന ബലൂൺ വാർത്തകൾ ഒരു സൂചി തട്ടിയാൽ പൊട്ടിപ്പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ വിമർശനത്തിനു മറുപടിയുമായി ശശി തരൂർ എംപി. സമാന്തര, വിഭാഗീയ പ്രവർത്തനങ്ങൾ കോൺഗ്രസിൽ അനുവദിക്കില്ലെന്നു പറയുന്നവർ, താൻ ചെയ്‌ത വിഭാഗീയ പ്രവർത്തനമെന്താണെന്നു വ്യക്തമാക്കണമെന്നു മലബാർ പര്യടനത്തിനിടെ ശശി തരൂർ ആവശ്യപ്പെട്ടു. നിങ്ങൾ ബലൂൺ ഊതി വീർപ്പിക്കാൻ വന്നതല്ലല്ലോ എന്നു മാധ്യമങ്ങളോടു തമാശ പറഞ്ഞ തരൂർ, വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാമെന്നും പറഞ്ഞു. തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എംപിമാർ എന്ന നിലയിലുള്ള കർത്തവ്യമാണ് താനും എം.കെ. രാഘവനും ചെയ്യുന്നതെന്നും ആരെയും ഭയക്കുന്നില്ലെന്നും ആരോടും എതിർപ്പില്ലെന്നും തരൂർ പറഞ്ഞു. തങ്ങൾക്കെതിരായ ആരോപണങ്ങളിൽ വിഷമമുണ്ട്. നേരിട്ട് ചോദിക്കുന്ന ആർക്കും വ്യക്തമായ മറുപടി നൽകും. കേരളത്തിൽ എവിടെയും പോകുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

സതീശന്റെ ‘ബലൂൺ’ പരാമർശത്തിനെതിരെ എം.കെ, രാഘവൻ എംപിയും രംഗത്തെത്തി. കുത്തിയാൽ പൊട്ടുന്ന ബലൂണിനെ വരെ ബഹുമാനിക്കുന്നുവെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. കുത്താൻ ഉപയോഗിക്കുന്ന സൂചിയെയും അത് പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നു. തരൂർ പങ്കെടുക്കാനിരുന്ന സെമിനാർ മാറ്റിവച്ച സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ എം.കെ. രാഘവൻ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു പരാതി നൽകി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *