10 ലക്ഷം പേർക്കു ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി ഇന്ന് 71,056 പേർക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകൾ കൈമാറിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലുള്ളവർക്കാണ് നിയമന ഉത്തരവ് കൈമാറിയത്. രാജ്യത്ത് 45 ഇടങ്ങളിലാണ് റോസ്ഗാർ മേള നടന്നത്. ഇതിനുമുൻപ് ഒക്ടോബർ 22നാണ് മെഗാ തൊഴിൽമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അന്ന് 75,000 പേർക്ക് നിയമന ഉത്തരവു നൽകിയിരുന്നു.
കഴിഞ്ഞ ഒരു മാസമായി എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇത്തരം ക്യാംപെയ്നുകൾ നടത്താറുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ‘‘ഇതാണ് ഇരട്ട എൻജിൻ സർക്കാരുകളുടെ ഇരട്ട ഗുണം’’ – മോദി പറഞ്ഞു.