ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 46 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടെ പരിസര പ്രദേശങ്ങളിൽ ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി. കെട്ടിടങ്ങൾ എല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ സിയാൻജൂർ മേഖലയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാമാന്യം ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തിൽ ഒരു ബോർഡിംഗ് സ്കൂൾ, ഒരു ആശുപത്രി, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് കെട്ടിടങ്ങൾ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഭൂരിഭാഗം പേർക്കും പരുക്കേറ്റത്.