കല്യാണ ദിവസം ധരിക്കുന്ന വസ്ത്രങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രസക്തിയുണ്ട്. ആ വസ്ത്രം അൽപ്പമൊന്ന് വില കുറഞ്ഞതാണെങ്കിൽ കല്യാണം മുടങ്ങിപോകുമോ? എന്നാൽ അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിൽ. വരന്‍ വിവാഹത്തിന് ഇടാന്‍ സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞതിനാൽ കല്യാണത്തിൽ നിന്ന് തന്നെ പിന്മാറിയിരിക്കുകയാണ് വധു. ലഖ്‌നൗവില്‍ നിന്ന് അല്‍മോറയിലേക്ക് വരുത്തിച്ച ലഹങ്കയാണ് വരന്‍ വധുവിന് സമ്മാനിച്ചത്. എന്നാല്‍ ഈ ലഹങ്ക 10,000 രൂപയുടേത് മാത്രമാണെന്ന് പറഞ്ഞാണ് വധു പിന്മാറിയത്.
വധു പിന്മാറിയെങ്കിലും ക്ഷണക്കത്തുകള്‍ വരെ അച്ചടിച്ചതിനാല്‍ വരന്‍റെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി. വരന്‍റെ കുടുംബം ബഹളമുണ്ടാക്കുകയും ചെയ്തു. സംഭവം സ്റ്റേഷന്‍ വരെയെത്തിയതോടെ ഇരുകൂട്ടരെയും പൊലീസ് അനുനയത്തിലൂടെ സംസാരിച്ച് പറഞ്ഞയച്ചു. ഒത്തുതീര്‍പ്പിലെത്തിയെങ്കിലും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് രണ്ട് വീട്ടുകാരുമെത്തുകയായിരുന്നു.