പ്രിയവർഗീസിന്‍റെ നിയമനം നിയമോപദേശപ്രകാരമായിരുന്നെന്ന് കണ്ണൂർ വിസി

കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്‍റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ അതുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

വിധി പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കുന്നു. വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. പ്രിയയുടെ നിയമന ഉത്തരവിൽ അപ്പീൽ നൽകില്ല. അപ്പീൽ നൽകാൻ വലിയ പണച്ചെലവ് ആവശ്യമായി വരും. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ജി.സി. പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് അറിയിപ്പ് നൽകിയതു മുതൽ കോടതി വിധി വരേയുള്ള തീയതികളടക്കം മാധ്യമങ്ങളോട് വിവരിച്ച് വിശദീകരിക്കുകയും ചെയ്തു.

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യു.ജി.സി. നിഷ്കർഷിക്കുന്ന അധ്യാപനപരിചയം പ്രിയാ വർഗീസിനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നിരുന്നു. അധ്യാപനത്തിൽനിന്ന് പൂർണമായും മാറി ഗവേഷണം നടത്തിയതും ഡയറക്ടർ ഓഫ് സ്റ്റുഡന്‍റ്സ് സർവീസ്, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചതുമൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *