സംസ്ഥാനത്ത് മദ്യവില വീണ്ടും കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യ ഉൽപ്പാദകർക്കുള്ള ടേൺ ഓവർ നികുതി സർക്കാർ ഒഴിവാക്കുന്നതാണ് വില കൂടാൻ കാരണം. ടേൺ ഓവർ നികുതി ഒഴിവാക്കുന്നതു മൂലം സർക്കാരിന് ഉണ്ടാകുന്ന നഷ്ടം 170 കോടിയോളമാണ്. ഈ നഷ്ടം നികത്താനാണ് വിൽപ്പന നികുതി വർധിപ്പിക്കുന്നത്. കേരളത്തിൽ മാത്രം നിലവിലുള്ള മദ്യത്തിന്‍റെ ടേൺ ഓവർ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഏറെ നാളായി മദ്യ ഉൽപ്പാദകൾ മുന്നോട്ടുവച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ മദ്യ വിപണി തികച്ചും സമ്മർദത്തിലായിരുന്നു. വിലക്കുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോലും ലഭ്യമല്ലെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മദ്യ ഉൽപ്പാദകർ വിലകുറ ബ്രാൻഡുകളുടെ ഉൽപ്പാദനം പരിമിതപ്പെടുത്തിയതാണു ക്ഷാമത്തിനു വഴിവച്ചത്. മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ സ്പിരിറ്റിന്‍റെ വില ഒരു വർഷത്തിനുള്ളിൽ 40 ശതമാനത്തിനു മുകളിൽ ഉയർന്നെന്നാണ് മദ്യ ഉൽപ്പാദക കമ്പനികൾ വ്യക്തമാക്കുന്നത്.

സ്പിരിറ്റിന്‍റെ വില വർധന മദ്യ നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനു പുറമേ സർക്കരിന് ടേൺ ഓവർ നികുതി നൽകുകയെന്നത് ഇരട്ടി പ്രഹരമാണെന്നു കമ്പനികൾ വ്യക്തമാക്കുന്നു. മദ്യ നിർമാണ കമ്പനികളിലെ ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കിയ നടപടിയും കമ്പനികളുടെ വരുമാനച്ചോർച്ചയ്ക്കു വഴിവച്ചെന്നാണു വിലയിരുത്തൽ. വിഷയത്തിൽ കമ്പനികൾ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടെങ്കിലും തീരുമാനം അനന്തമായി നീണ്ടുപോയ സാഹചര്യത്തിലാണ് ആഴ്ചകൾക്കു മുമ്പ് ഉൽപ്പാദനം കുറച്ചത്. കമ്പനികളിൽ നിന്നു വിലക്കുറഞ്ഞ ബ്രാൻഡുകളുടെ വരവു കുറഞ്ഞതോടെ ബെവ്‌കോ ഔട്ട്‌ലെറ്റകളുടെ പ്രവർത്തനം താളം തെറ്റുകയായിരുന്നു. വിലക്കുറഞ്ഞ ബ്രാൻഡുകളുടെ സ്‌റ്റോക്കിലുണ്ടായ കുറവ് 15 ദിവസത്തിനുള്ളിൽ 100 കോടി രൂപയ്ക്കു മുകളിൽ ബെവ്‌കോയ്ക്ക് നഷ്ടം വരുത്തിയെന്നും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് ധന, എക്‌സൈസ് മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ടേൺ ഓവർ നികുതി ഒഴിവാക്കാനും, വിൽപ്പന നികുതി വർധിപ്പിക്കാനും തീരുമാനമായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *