കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ പ്രിയാ വർഗീസിന് തിരിച്ചടി. പ്രിയാ വർഗീസിന്റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് തള്ളി
പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കും സ്ക്രൂട്ടിണി കമ്മിറ്റിക്കും തെറ്റ് പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി ഓർമിപ്പിച്ചു.
പിഎച്ച്ഡി കാലം അധ്യാപന പരിചയമല്ലെന്നും, ഗവേഷണം ഫെല്ലോഷിപ്പോടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി നേരത്ത സ്റ്റേ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.
നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയില്‍ നല്‍കിയത്.
അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാല്‍ മാത്രമേ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള പരിചയമായി കണക്കാക്കാനാകൂവെന്നാണ് യു.ജി.സി. വ്യക്തമാക്കിയത്.