സംസ്ഥാനത്തെ ഐടി വ്യവസായ രംഗത്ത് 5ജി ടെലികോം പ്രയോജനപ്പെടുത്തി പ്രത്യേക മേഖലകൾ ഒരുക്കുന്നതിന് ഭൂമി കണ്ടെത്തി. 2500 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. 4 ഐടി ഇടനാഴികൾക്കു സമീപം 63 യൂണിറ്റുകളായാണു ഭൂമി. ഇതിൽ ഏറ്റവും അനുകൂലമായത് ഏറ്റെടുക്കുന്നതിനു മാനദണ്ഡം തയാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഭൂമി വാങ്ങുന്നതിനു കിഫ്ബി 1000 കോടി രൂപ നൽകും. കാലതാമസം ഒഴിവാക്കാൻ ഭൂമിയേറ്റെടുപ്പിനു ഫാസ്റ്റ് ട്രാക്ക് സംവിധാനവും ആലോചിക്കുന്നുണ്ട്.
ബജറ്റിൽ പ്രഖ്യാപിച്ച 5ജി ലീഡർഷിപ് പാക്കേജിന്‍റെ ഭാഗമായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) ആണു സ്ഥലവും സൗകര്യവുമൊരുക്കുന്നത്. സംസ്ഥാനത്തെ ഐടി, ഐടി അധിഷ്ഠിത വ്യവസായം 5ജി സോണുകൾ രൂപീകരിക്കുന്നതോടെ ഐടി പാർക്കുകൾക്കു പുറത്തേക്കു വ്യാപിക്കും. ഹൈടെക് വ്യവസായങ്ങൾ കൂടുതലായി സംസ്ഥാനത്തെത്തും. 5ജി സോണുകൾ ഭാവിയിൽ സാറ്റലൈറ്റ് ഐടി പാർക്കുകളായും വികസിക്കും.