പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി വാങ്ങുന്നതിനും അനുമതി നല്‍കി.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
- ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാര്‍ക്കുള്ള ദീര്‍ഘകാല കരാര്‍ നടപ്പാക്കിയതിലെ അപാകത പരിഹരിക്കാന്‍ തീരുമാനിച്ചു.
- സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ വൈസ് ചെയര്‍പേഴ്‌സണന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍റ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്‍റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വര്‍ഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കും.
- സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേരും യോഗ്യതയും ഭേദഗതി വരുത്തിയത്, നിലമ്പൂര്‍ ബഡ്‌സ് സ്‌കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇംപയേര്‍ഡ് സ്‌കൂളില്‍ സൃഷ്ടിച്ച സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും.
- തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഭാഗിക ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.
- മലബാര്‍ ക്യാന്‍സര്‍ സെന്‍ററിലെ അക്കാദമിക് – നോണ്‍ അക്കാദമിക് ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്‌ക്കരണം അനുവദിക്കും.
- കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള തരംമാറ്റത്തിനുള്ള അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി നിയമിച്ച താത്ക്കാലിക ജീവനക്കാരുടെ സേവനം ദീര്‍ഘിപ്പിക്കും. 179 ദിവസം കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി 179 ദിവസത്തേക്കു കൂടിയാണ് ദീര്‍ഘിപ്പിക്കുക.