ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹം നാല് വർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. 2018 ൽ പപ്പു എന്ന് വിളിക്കുന്ന ചന്ദ്രവീർ സിങ്ങ് കൊല്ലപ്പെട്ട കേസിൽ ഭാര്യ സവിത, കാമുകനും അയൽവാസിയുമായ അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ച് ദിവസങ്ങൾക്കു മുൻപ് പുനരന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക അറസ്റ്റ്. സവിതയ്ക്ക് അയൽവാസിയായ അരുണുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി ചന്ദ്രവീർ സിങ്ങിന്റെ മകൾ നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.
അരുണുമായുള്ള ബന്ധം അറിഞ്ഞതിനു പിന്നാലെ മദ്യപിച്ചെത്തി തന്നെ നിരന്തരമായി ചന്ദ്രവീർ സിങ് മർദിക്കുമായിരുന്നുവെന്നും, താനും കാമുകനും ചേർന്നു വെടിവച്ചും കോടാലി കൊണ്ട് വെട്ടിയുമാണു ചന്ദ്രവീർ സിങ്ങിനെ കൊലപ്പെടുത്തിയതെന്നും സവിത ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഒക്ടോബർ 5, 2018 ൽ ചന്ദ്രവീർ സിങ്ങിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അനുജൻ ബുര സിങ്ങ് ഗാസിയാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവിന്റെ തിരോധാനത്തിന്റെ പിന്നിൽ അനുജൻ ബുര സിങ്ങിനെ സംശയിക്കുന്നതായി സവിത നേരത്തെ മൊഴി നൽകിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടുകയായിരുന്നു ലക്ഷ്യം.
അരുണിന്റെ വീട്ടിൽ വരാന്തയുടെ തറ ഏഴടിയോളം കുഴിച്ചതിനു ശേഷം ചന്ദ്രവീർ സിങ്ങിന്റെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത പ്രതികൾ ചന്ദ്രവീർ സിങ്ങിനെ കൊലപ്പെടുത്തുന്നതിന് നാല് ദിവസങ്ങൾക്കു മുൻപാണ് കുഴി തയാറാക്കിയതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും പൊലീസ് കണ്ടെടുത്തു.
സെപ്റ്റംബർ 28 രാത്രി ഉറങ്ങുന്നതിനിടെയാണ് ചന്ദ്രവീർ സിങ്ങിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ഒരുതരത്തിലും പൊലീസ് സംശയിക്കാതിരിക്കാൻ കുഴി ഇഷ്ടിക ഉപയോഗിച്ച് മൂടിയതിനു ശേഷം മുകൾഭാഗം കോൺക്രീറ്റ് ചെയ്തെന്നും പ്രതികൾ സമ്മതിച്ചു. ചന്ദ്രവീർ സിങ്ങ് ഉപയോഗിച്ചിരുന്ന വള ഊരിമാറ്റാൻ ഇവർ ശ്രമിച്ചിരുന്നതായും നടക്കാതെ വന്നപ്പോൾ കൈ മുറിച്ചു മാറ്റി വള എടുത്തതിനു ശേഷം ഗ്രാമത്തിലുള്ള കെമിക്കൽ ഫാക്ടറി വളപ്പിൽ എറിഞ്ഞുകളഞ്ഞെന്നും പൊലീസ് പറയുന്നു.
ഈ വീട്ടിൽ തന്നെയാണ് നാല് വർഷവും അരുൺ താമസിച്ചിരുന്നത്. ദുർഗന്ധം പുറത്തുവരാതിരിക്കാനാണ് ആഴത്തിൽ കുഴിയെടുത്തതെന്നു ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഗാസിയാബാദിൽ നടന്ന മറ്റൊരു കൊലപാതകം അന്വേഷിക്കുന്നതിനിടെയാണ് ചന്ദ്രവീർ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക തെളിവ് ലഭിച്ചതെന്നു എസ്പി ദിക്ഷ ശർമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം അരുണിന്റെ വീട്ടിൽ നിന്ന് അസ്ഥികൂടവും കണ്ടെടുത്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.